വിഷാദം

വയലറ്റ് പൂക്കളോട് എനിക്ക് പണ്ടേ പ്രണയമാണ്. വിഷാദത്തിൻ്റെ നിറത്തെ പ്രണയിക്കാൻ പഠിച്ചത് എന്നാണെന്ന് ഓർമയില്ല. ഏറെ നാളായി എൻ്റെ മുറിക്കുള്ളിൽ, പകുതിയുടഞ്ഞ മൺചട്ടിയിൽ ഒരു വയലറ്റ് തൈ നട്ടിട്ട്. ഇരുട്ടു നിറച്ച് കണ്ണീർ തൂകി ഞാനാ ചെടിയെ നന്നായി പരിപാലിക്കുന്നതാണ്. എന്നിട്ടും ഇതുവരെയായും ഒരു വയലറ്റ് പൂ പോലും മൊട്ടിട്ടില്ല. എൻ്റെ മുറിയിലെ കർട്ടനുകളുടെ നിറവും വയലറ്റ് തന്നെ ആണ്. വയലറ്റ് കർട്ടനുകൾ എൻ്റെ മുറിക്കുള്ളിലെ ഇരുട്ടിനെ കൂടുതൽ മനോഹരമാക്കുന്നതിനാൽ ഞാനവ ഒരിക്കലും നീക്കാറില്ല. സിൽവിയ പ്ലാത്തിൻ്റെ ഒരു ബ്ലാക്ക് ആൻ്റ് വൈറ്റ് ചിത്രം അലസനായ ചുമരിന്മേൽ ചാരി നിൽപ്പുണ്ട്. “Intoxicated with madness I’m in love with my sadness” എന്ന വാചകങ്ങൾ ആ ചിത്രത്തിന് താഴെയായി ചിതറി വീണു കിടക്കുന്നത് കാണാം. ഇംഗ്ലീഷ് സാഹിത്യം പഠിക്കാൻ തുടങ്ങിയ അന്നു മുതൽ രാത്രിയിൽ ഉണർന്നിരുന്ന് പ്ലാത്തിൻ്റെ കവിതകൾ വായിച്ചു കരയുന്ന ശീലം ഇന്നും തുടരുന്നു. ചില രാത്രികളിൽ ഞാനെഴുതിയ കവിതകൾ കേൾക്കാനായി ഒരു നത്ത് വരാറുണ്ട്. പരന്ന മുഖവും വലിയ കണ്ണുകളും കൂർത്ത ചുണ്ടുകളും ഉള്ള ഇരുട്ടിൻ്റെ പക്ഷി. കറുത്ത കടലാസു തുണ്ടിൽ ഞാൻ പകർത്തുന്ന കറുത്ത അക്ഷരങ്ങൾ എനിക്ക് മാത്രം വായിക്കാൻ കഴിയുന്നവയാണ്. കേൾക്കാൻ ആളില്ലാത്ത അക്ഷരങ്ങൾ അന്തർമുഖയായ എഴുത്തുകാരിയിൽ തന്നെ മരിച്ചുവീഴാറാണ് പതിവ്. അങ്ങനെ മരിച്ചുവീണ അക്ഷരങ്ങൾ ഇരുട്ടിൽ ചേർത്താണ് ഞാനെൻ്റെ വയലറ്റ് ചെടിയുള്ള മൺചട്ടി നിറച്ചത്. ഒരു മേഘം മാത്രം പെയ്തിരുന്ന രാത്രിയിലെ സ്വപ്നത്തിൽ ആ വയലറ്റ് ചെടി പൂവിട്ടതും പടർന്നു പന്തലിച്ച വയലറ്റ് പൂക്കൾ എൻ്റെ നഗ്നമായ ശരീരമാകെ ചുറ്റിപ്പിണഞ്ഞു കിടന്നതും കണ്ടു. എന്നെ വരിഞ്ഞുമുറുക്കിയ വയലറ്റ് പൂക്കളുടെ ഗന്ധം മരണത്തിൻ്റേതായിരുന്നു. മൗനം മാത്രം സംസാരിച്ചിരുന്ന എൻ്റെ അക്ഷരങ്ങൾ, ഇരുട്ടു നിറച്ച മൺചട്ടിയിൽ നിന്നും താഴെ വീണ് ഇല്ലാതായിരുന്നു. പ്ലാത്തിൻ്റെ ചിത്രം മാത്രം, അപ്പോഴും മാറ്റമില്ലാതെ ആ ഭിത്തിക്കുമേൽ നിൽപുണ്ടായിരുന്നു.

Image Credits: Google

10 thoughts on “വിഷാദം

  1. ഒരു തരo ലഹരി പിടിപ്പിക്കുന്ന വരികൾ ! എന്റെ തോന്നലാവാം, ഒത്തിരി ഇഷ്ട്ടമായി എഴുത്തു .

    Liked by 1 person

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s